ഹിരോഷിമയെ ഓര്‍ക്കുമ്പോള്‍
ജപ്പാനിലെ ഹിരോഷിമയും നാഗസാക്കിയും ആറ്റം ബോംബിട്ട് തകര്‍ത്തിട്ട് 68
വര്‍ഷം തികയുകയാണ്. നടുക്കുന്ന ഓര്‍മകളായി ഇന്നും ആ ദിനങ്ങള്‍
അവശേഷിക്കുന്നു. മൂന്നര ലക്ഷത്തോളം പേര്‍ തത്സമയം ചുട്ടുചാമ്പലായി. അനേകം
ആളുകള്‍ ജീവച്ഛവങ്ങളായി. അരനൂറ്റാണ്ടിലേറെ ആയിട്ടും അത് പാകിയിട്ട
വിഷവിത്തുകള്‍ രോഗമായും മരണമായും ഇന്നും
പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. മനുഷ്യത്വ വിരുദ്ധമായി സയന്‍സിന്റെ
സിദ്ധികളെ ഉപയോഗിച്ചാല്‍ അത് മനുഷ്യവംശത്തിന് തന്നെ ഭീഷണി ആകും.
അമേരിക്കന്‍
നാവികസങ്കേതമായ പേള്‍ ഹാര്‍ബറും ബ്രിട്ടീഷ് യുദ്ധക്കപ്പലായ പ്രിന്‍സ് ഓഫ്
വെയില്‍സും ജപ്പാന്‍ ബോംബിട്ട് നശിപ്പിച്ചതിനെ തുടര്‍ന്ന് അമേരിക്കയും
ഇംഗ്ലണ്ടും ജപ്പാനെതിരായി യുദ്ധം പ്രഖ്യാപിച്ചു. 1941 ഡിസംബര്‍
ഏഴിനായിരുന്നു പേള്‍ ഹാര്‍ബര്‍ ജപ്പാന്‍ ആക്രമിച്ചത്. പിറ്റേന്ന്
അമേരിക്കയുടെ യുദ്ധ പ്രഖ്യാപനമുണ്ടായി. 1945 ജൂലൈ 26 ന് ട്രൂമാനും മറ്റ്
സഖ്യനേതാക്കളും പോട്ട്‌സ് ഡാമില്‍ സമ്മേളിച്ച് ജപ്പാനോട് കീഴടങ്ങുവാന്‍
ആവശ്യപ്പെട്ടു. കീഴടങ്ങുവാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അമേരിക്ക ജപ്പാനെ
ആക്രമിക്കുവാന്‍ തീരുമാനിച്ചു.
യു കെ, കാനഡ എന്നി രാജ്യങ്ങളുമായി
ചേര്‍ന്ന് അമേരിക്ക ആദ്യത്തെ ആറ്റംബോംബ് രൂപപ്പെടുത്തി. ഇത് മാന്‍ഹട്ടണ്‍
പ്രോജക്ട് എന്നറിയപ്പെടുന്നു. ഈ ഗവേഷണങ്ങള്‍ക്ക് നേതൃത്വം കൊടുത്തത്
അമേരിക്കന്‍ ഊര്‍ജതന്ത്രജ്ഞനായ റോബര്‍ട്ട് ഓപ്പണ്‍ ഹീമര്‍ ആയിരുന്നു.
ആറ്റംബോംബിന്റെ
തത്വമായ ന്യൂക്ലിയര്‍ ഫിഷന്‍ കണ്ടുപിടിച്ചത് 'ഓട്ടോഹാന്‍' എന്ന
ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ്. യുറേനിയം പോലുള്ള ഭാരം കൂടിയ മൂലകങ്ങളെ
പിളര്‍ത്താന്‍ കഴിയുമെന്നും അപ്പോള്‍ ധാരാളം ഊര്‍ജം ഉല്‍പാദിപ്പിക്കാന്‍
കഴിയുമെന്നും ഹാന്‍ കണ്ടെത്തി. തന്റെ കണ്ടെത്തലിന്റെ സാധ്യത മനസ്സിലാക്കിയ
ഹാന്‍ ഹിറ്റ്‌ലറോട് പറഞ്ഞു. 'ഇതാ ലണ്ടനെ രണ്ടു മണിക്കൂറിനകം തകര്‍ത്തു
തരിപ്പണമാക്കാവുന്ന ശക്തി കരഗതമായിരിക്കുന്നു.'
ഹിറ്റ്‌ലര്‍
ചോദിച്ചു. 'ആ ആയുധം നിര്‍മിക്കാന്‍ എത്രകാലം വേണ്ടിവരും' എന്ന്. ഒന്നോ
രണ്ടോ കൊല്ലം വേണ്ടിവരുമെന്ന് പറഞ്ഞപ്പോള്‍ എങ്കിലത് ഉപേക്ഷിച്ചുകൊള്ളാന്‍
ഹിറ്റ്‌ലര്‍ മറുപടി പറഞ്ഞത്രേ. ഓട്ടോഹാന്റെ കണ്ടുപിടിത്തം മനസ്സിലാക്കിയ
അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ ആണ് ഹിറ്റ്‌ലര്‍ ആറ്റംബോംബ് ഉണ്ടാക്കുന്നതിന്
മുമ്പ് അത് ഉണ്ടാക്കണമെന്ന് ഭരണാധികാരികളെ അറിയിച്ചതും തുടര്‍ന്ന് അമേരിക്ക
ആറ്റംബോംബുണ്ടാക്കിയതും.
ചെറിയൊരു സമയത്തിനുള്ളില്‍ വലിയൊരു
അളവില്‍ ഊര്‍ജം വിമുക്തമാക്കപ്പെടുന്ന പ്രക്രിയയാണ് ആറ്റംബോംബില്‍
നടക്കുന്നത്. ഇന്ധനമായി യുറേനിയം- 235 അല്ലെങ്കില്‍ പ്ലൂട്ടോണിയം-239
ഉപയോഗിക്കുന്നു. യുറേനിയത്തിന്റെ ഐസോടോപ്പായ യു-235 ഉപയോഗിച്ചാണ്
'ലിറ്റില്‍ബോയ്' എന്നറിയപ്പെടുന്ന ഹിരോഷിമ ബോംബ് ഉണ്ടാക്കിയത്. 1945 ജൂലൈ
16ന് ന്യൂമെക്‌സിക്കോയിലെ ട്രിനിറ്റി സൈറ്റിലായിരുന്നു ആറ്റംബോംബ് ആദ്യമായി
പരീക്ഷിക്കപ്പെട്ടത്. പരീക്ഷണത്തിന് ഉപയോഗിച്ച ആറ്റംബോംബിന്റെ പേര്
'ഗാഡ്‌ജറ്റ്' എന്നായിരുന്നു.
ന്യൂക്ലിയര്‍ ബോംബിംഗ് മിഷന്റെ ആദ്യ
ലക്ഷ്യം ഹിരോഷിമ തന്നെയായിരുന്നു. 1945 മെയ് 10, 11 ദിവസങ്ങളില്‍
റോബര്‍ട്ട് ഓപ്പണ്‍ ഹീമറിന്റെ നേതൃത്വത്തില്‍ ഒരു ടാര്‍ഗിറ്റ് കമ്മിറ്റി
രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ക്യോട്ടോ, ഹിരോഷിമ, യോക്കോഹോമ,
കോക്കുറയിലെ ആയുധപ്പുര എന്നിവയായിരുന്നു ബോംബിടാനായി തെരഞ്ഞെടുത്ത
സ്ഥലങ്ങള്‍.
1945 ഓഗസ്റ്റ് 6, സമയം 8 മണി കഴിഞ്ഞ് 15 മിനിട്ട് 17
സെക്കന്റ്. ഇതേ സമയം ആകാശത്ത് വട്ടമിട്ട് പറന്നിരുന്ന വിമാനത്തില്‍ നിന്ന്
ഒരു കറുത്ത വസ്തു താഴേക്ക് വീണു. 'ലിറ്റില്‍ ബോയ് ' എന്ന് പേരുള്ള
അണുബോംബായിരുന്നു അത്. 1870 അടി ഉയരത്തില്‍ വെച്ച് കാതടപ്പിക്കുന്ന
ശബ്ദത്തോടെ അത് പൊട്ടി. ഏഴ് ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള ഹിരോഷിമയുടെ
നാല് ചതുരശ്ര മൈല്‍ സ്ഥലത്തെ ജീവജാലങ്ങള്‍ തത്സമയം കത്തിച്ചാമ്പലായി.
ഹിരോഷിമയിലെ തദ്ദേശവാസികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ്
അമേരിക്ക ബോംബ് വര്‍ഷിച്ചത്.
ഹിരോഷിമ ബോംബിംഗിന് ശേഷം അമേരിക്കന്‍
പ്രസിഡന്റ് ട്രൂമാന്‍ പറഞ്ഞത് ഞങ്ങളുടെ നിര്‍ദേശങ്ങള്‍
സ്വീകരിച്ചില്ലെങ്കില്‍ ഭൂമിയില്‍ ഇന്നേവരെ കാണാത്ത നാശത്തിന്റെ ഒരു
പെരുമഴതന്നെ നിങ്ങള്‍ പ്രതീക്ഷിച്ചോളൂ എന്നാണ്. നാല് വ്യവസ്ഥകളോടെ ജപ്പാന്‍
ചക്രവര്‍ത്തി ഹിരോഹിതോ കീഴടങ്ങാന്‍ സമ്മതിച്ചു. നാല് വ്യവസ്ഥകള്‍
ഇവയായിരുന്നു.
- ദേശീയ സ്മാരകങ്ങള്‍ സംരക്ഷിക്കപ്പെടണം.
- ആസ്ഥാന കെട്ടിടങ്ങള്‍ സംരക്ഷിക്കപ്പെടണം.
- നിരായുധീകരണം പ്രാവര്‍ത്തികമാക്കണം.
- യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള ജപ്പാന്‍ പട്ടാളക്കാരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കണം.
ഇവ
അംഗീകരിക്കാനാവില്ല എന്നതിനാല്‍ അമേരിക്ക നാഗസാക്കിയില്‍ അണുബോംബിടാന്‍
തീരുമാനിച്ചു. തെക്കന്‍ ജപ്പാനിലെ ഒരു വലിയ തുറമുഖനഗരം ആയിരുന്നു
നാഗസാക്കി. ജാപ്പനീസ് മാതൃകയില്‍ പഴയ ഫാഷനില്‍ ഡിസൈന്‍ ചെയ്ത
കെട്ടിടങ്ങളായിരുന്നു നാഗസാക്കിയില്‍. 1945 ഓഗസ്റ്റ് 9. സമയം രാവിലെ 11.02,
നാഗസാക്കി എന്ന മനോഹരനഗരത്തെ ലക്ഷ്യമാക്കി ബോക്‌സ്‌കാര്‍ എന്ന ബോംബര്‍
വിമാനം പറന്നുവന്നു. അതില്‍ നിന്ന് 'ഫാറ്റ്മാന്‍' എന്ന് പേരിട്ട അണുബോംബ്
താഴേക്ക് വീണു. പ്ലൂട്ടോണിയം - 239 കൊണ്ട് ഉണ്ടാക്കിയതായിരുന്നു
ഫാറ്റ്മാന്‍. 470 മീറ്റര്‍ ഉയരത്തില്‍ വച്ച് അത് പൊട്ടിത്തെറിച്ചു.
സ്‌ഫോടനത്തില്‍ അനേകായിരം ആളുകള്‍ വെന്തുമരിച്ചു.
നാഗസാക്കിയില്‍
ബോംബിട്ട് ആറ് ദിവസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് 15 ന് ജപ്പാന്‍ കീഴടങ്ങല്‍
പ്രഖ്യാപിച്ചെങ്കിലും കരാര്‍ ഒപ്പിട്ടത് സെപ്തംബര്‍ 2 നാണ്.
ബോംബിംഗിന്
ഇരയായ ആള്‍ക്കാര്‍ 'ഹിബാക്കുഷ' എന്നാണ് അറിയപ്പെടുന്നത്. സ്‌ഫോടനം ബാധിച്ച
ജനങ്ങള്‍ എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ഹിരോഷിമ, നാഗസാക്കി സ്മാരകങ്ങളില്‍
മരിച്ച ഹിബാക്കുഷകളുടെ പേര് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓരോ വാര്‍ഷികം
നടക്കുമ്പോഴും പേരുകളുടെ പട്ടിക പുതുക്കാറുണ്ട്.
മാനിഷാദ!
ഒരു അണുയുദ്ധത്തിന് ശേഷം അതിനെപ്പറ്റി ദുഃഖിക്കേണ്ടി വരുന്നില്ല. കാരണം ദുഃഖിക്കാന്‍ ആരും കാണുകയില്ല എന്നതു തന്നെ.
കൂട്ടുകാരേ,
വിവേകത്തിന്റെയും
മാനവീയതയുടെയും വെളിച്ചം ഓരോ മനുഷ്യനിലും ഉണ്ടാകട്ടെ എന്നും അങ്ങനെ
യുദ്ധക്കൊതിക്ക് അറുതി വരട്ടെ എന്നും നമുക്ക് പ്രത്യാശിക്കാം.
No comments:
Post a Comment